പത്തനംതിട്ട ജില്ലയിലെ ആറന്മുള ലോകത്ത് അറിയപ്പെടുന്നത് തന്നെ ആറന്മുള കണ്ണാടിയുടെ പേരിലാണ്. ഒരു കരകൗശല നിർമ്മിതി ഇത്രയും പ്രശസ്‌തി നേടുകയും അത് ആ നാടിന്റെ മുഖമുദ്ര ആയിത്തീരുകയും ചെയ്യുന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ്. അതിനാൽ ആ കണ്ണാടിയോളം തന്നെ പ്രസക്തിയുണ്ട് അവയുണ്ടാക്കുന്ന ആ പ്രദേശം ഒന്ന് പരിചയപ്പെടുക എന്നതിനും. 2005 ഇൽ കേന്ദ്രസർക്കാരിന്റെ 'ഭൂപ്രദേശ സൂചിക' ലഭിച്ച ഉൽപ്പന്നമാണ് ആറന്മുളക്കണ്ണാടി. ഇതൊരർത്ഥത്തിൽ പേറ്റന്റ് എടുക്കുന്നതിന് സമമാണ്, അതായത് ഇനി അങ്ങോട്ട് ആ പ്രദേശത്തിൽ നിന്ന് മാത്രമേ ഇവ നിർമ്മിക്കാവൂ എന്ന് ചുരുക്കം. വിശ്വബ്രാഹ്മിണ ആറന്മുള നിർമ്മാണ സൊസൈറ്റിക്ക് ആണ് നിലവിൽ കണ്ണാടി നിർമ്മിക്കാനുള്ള അവകാശമുള്ളത്. എങ്കിലും ചിലർ വ്യാജമായി ഇവ നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. ഇവയ്ക്കൊക്കെ വളരെ പരിമിതമായ ആയുസ്സേ ഉണ്ടാവുകയുള്ളൂ. ഏകദേശം 6 മാസം തൊട്ട് 1 വർഷം കഴിയുമ്പോഴേക്കും ഇവ കറുത്തുപോകുകയോ നിറം മങ്ങുകയോ ചെയ്യുന്നു. ആറന്മുള കണ്ണാടി എന്നത് പൂർണ്ണമായും ലോഹനിർമ്മിതമായ ഒന്നാണ്. കളിമണ്ണ് ഫ്രേയിമിനുള്ളിൽ കോപ്പറും ടിന്നും ഉരുക്കി ഒഴിച്ചാണ് ഇവ ഉണ്ടാക്കുന്നത്. പിന്നീട് കളിമണ്ണ് പൊട്ടിച്ച് പുറത്തെടുക്കുന്ന ഈ ലോഹത്തകിട് ഉരച്ച് നന്നായി മിനുസപ്പെടുത്തുന്നു. വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒരു പ്രക്രിയ ആണിത്. ഉരുക്കി ഒഴിക്കുന്ന ലോഹക്കൂട്ടിന്റെ അളവ് കൃത്യമായിരിക്കണം അതുപോലെ തന്നെ ഉരച്ചെടുക്കുമ്പോൾ കണ്ണാടിയിൽ ഒരു പാട് പോലും വീഴാൻ പാടില്ല. വളരെ കഷ്ടപ്പാട് നിറഞ്ഞതും ചെറിയ ഒരു കൈപ്പിഴയായാൽ പോലും പരാജയപ്പെടാൻ സാധ്യത ഉള്ളതുമാണ് ആറന്മുള കണ്ണാടിയുടെ നിർമ്മാണ പ്രക്രിയ. അതിനാൽ തന്നെ ഇവയുടെ മൂല്യം വളരെ വലുതാണ്. ഒരിഞ്ചുവലിപ്പത്തിലുള്ള കണ്ണാടിക്ക് പോലും 1000 രൂപയ്ക്ക് മുകളിൽ വിലയുണ്ട്.
ഏതൊരു മലയാളിയുടെയും ഗ്രാമീണ സങ്കൽപ്പത്തിനോട് പൂർണ്ണമായും ഇണങ്ങിച്ചേരുന്ന ഗ്രാമമാണ് ആറന്മുള. ഗ്രാമവിശുദ്ധിയും നിഷ്കളങ്കതയും സമ്മേളിക്കുന്ന ഈ നാടിന്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ് ആറന്മുള വള്ളം കളിയും വള്ളസദ്യയും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇവ രണ്ടും കൊണ്ടാടപ്പെടുന്നത്. ഈ നാടിന്റെ ജീവിതരീതിയും സംസ്കാരവും വാർത്തെടുത്തതിൽ ഇവിടുത്തെ ക്ഷേത്രം നൽകിയ സംഭാവന ആർക്കും നിഷേധിക്കാൻ കഴിയുന്നതല്ല. ഒരുകാലത്ത് ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് ഇവർ ജീവിതം തന്നെ കരുപിടിപ്പിച്ചെടുത്തത്. ആറന്മുള കണ്ണാടിപോലും അങ്ങനെയാണ് ഉടലെടുക്കുന്നത്.
പാർത്ഥസാരഥി ക്ഷേത്രം പണ്ട് ശബരിമല നിലയ്ക്കലിനോടടുത്തതാണ് സ്ഥിതി ചെയ്തിരുന്നതെന്നും പിന്നീട് 6 മുള ചേർത്ത് ഉണ്ടാക്കിയ ചങ്ങാടത്തിൽ കടത്തി കൊണ്ടുവന്ന് ഇവിടെ മാറ്റി സ്ഥാപിച്ചെന്നുമാണ് ഐതീഹ്യം. അതിൽ നിന്നാകാം ഈ സ്ഥലത്തിന് ആറന്മുള എന്ന പേര് വന്നത് എന്നാണ് അനുമാനം. പാർത്ഥസാരഥിയിലെ പ്രധാന പ്രതിഷ്ട ഭഗവാൻ ശ്രീകൃഷ്ണനാണ്, 6 അടിയോളം പൊക്കത്തിൽ കരിങ്കല്ലിലാണ് ഇവിടെ വിഗ്രഹം കൊത്തിവച്ചിരിക്കുന്നത്. ദിവസവും 5 പൂജ വീതമുണ്ട് ഈ ക്ഷേത്രത്തിൽ, എങ്കിലും ഇതിൽ പ്രധാനപ്പെട്ടത് ഉച്ചപൂജയാണ്. തികച്ചും കേരളീയ വാസ്തുനിർമ്മാണ ശൈലിയിൽ പണിതീർത്ത ഈ ക്ഷേത്രത്തിലെ കൊത്ത് പണികളും ശില്പങ്ങളും ഏവരുടെയും മനം കവരുന്നതാണ്. വലിപ്പം കൊണ്ടാണെങ്കിലും ആഢ്യത്തം കൊണ്ടാണെങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.
ഒരു നാടിന്റെ സംസ്കൃതിയിലൂടെയും ജീവിതരീതിയിലൂടെയും ആഴത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും ആറന്മുള സന്ദർശിക്കണം. അന്യം നിന്ന് പോയികൊണ്ടിരിക്കുന്ന ഗ്രാമീണതയുടെ ആത്മാവും സത്തും നിങ്ങൾക്കിവിടെ വേർതിരിച്ചറിയാൻ സാധിക്കും. ഒപ്പം 500 വർഷത്തിലേറെ പാരമ്പര്യമുള്ള ആറന്മുള കണ്ണാടി പരുവപ്പെടുത്തും വിധം അടുത്തറിയുകയും ചെയ്യാം.