മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും വ്യാപിച്ച് കിടക്കുന്ന ഒരു ഹരിത വിസ്മയമാണ് കക്കാടംപൊയിൽ. കോടമഞ്ഞും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും നിഗൂഢ വനങ്ങളും നിറഞ്ഞ ഇവിടം മിനി ഗവി എന്നും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിൽ ആണ് കക്കാടംപൊയിൽ സ്ഥിതി ചെയ്യുന്നത്. കോഴിക്കോടു നിന്നും 50 K.M ഉം നിലമ്പൂരിൽ നിന്നും 24 K.M ഉം അകലെയാണ് കക്കാടം പൊയിൽ എന്ന സ്വപ്നഭൂമി. നിലമ്പൂരിൽ നിന്ന് അകമ്പാടം വഴിയാണ് കക്കാടംപൊയിലിലേക്ക് കയറുന്നത്, പാതയിലുള്ള പ്രധാന ആകർഷണമാണ് ആഢ്യൻപാറ വെള്ളച്ചാട്ടവും ഓം കുരിശ്പ്പാറയും. കോഴിക്കോടു നിന്നാണ് വരുന്നതെങ്കിലും വഴിയിൽ ധാരാളം വെള്ളച്ചാട്ടങ്ങളും അരുവികളും കാണാം.

പാതയോരത്ത് നമ്മെ വരവേൽക്കുന്ന കോടമഞ്ഞും മലനിരകളും ശരിക്കും ഒരു മാസ്മരിക അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നല്ല തണുപ്പ് നിറഞ്ഞ പ്രദേശമാണിത്. ഒരു 4 മണി കഴിയുമ്പോൾ തന്നെ ചുറ്റും ഇരുട്ട് പരന്നു തുടങ്ങും. സൂര്യനസ്തമിച്ചാൽ പിന്നെ തണുപ്പ് ഇരട്ടിയാകുന്നു. കക്കാടംപൊയിൽ എന്നത് പരിപൂർണ്ണമായ നിബിഢവനമാണ്. അതുകൊണ്ട് തന്നെ ആദിവാസി സമൂഹത്തെയും ഇവിടെ കാണാം. കാട്ടുതേൻ ശേഖരണവും ബാക്കി സമയങ്ങളിൽ കൂലിപ്പണിയുമാണ് ഇവരുടെ വരുമാന മാർഗം. ഏറെ കഷ്ടപ്പാടുകളും പട്ടിണിയും നിറഞ്ഞതാണ് ഇവരുടെ ജീവിതം.

ആന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാമീപ്യവും ഈ കാടിനുള്ളിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു മികച്ച ടൂറിസ്റ്റ് സ്പോട്ട് ആണെങ്കിലും വനത്തെ കീറിമുറിക്കാത്ത രീതിയിലാണ് ഇവിടം ടൂറിസ്റ്റുകൾക്കായി ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മനുഷ്യ ഇടപെടൽ കാടിന്റെ മാറ്റിന് ഒരു കോട്ടവും വരുത്തിയിട്ടില്ല. കക്കാടംപൊയിലെ വളരെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് കോഴിപ്പാറ വാട്ടർഫോൾസ്. സൗന്ദര്യം കൊണ്ടാണെങ്കിലും പ്രൗഢികൊണ്ടാണെങ്കിലും മറ്റുവെള്ളച്ചാട്ടങ്ങൾക്ക് ഒരു ഭീഷണി തന്നെയാണിത്. പന്തീരായിരം മലനിരകളിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഏറെ ദൂരം അരുവിയായി ഒഴുകുന്ന ജലം കുറവൻ പുഴയിൽ ലയിക്കുന്നു. ജലത്തിന്റെ സഞ്ചാരപാതയ്‌ക്കൊപ്പം നമുക്കും നിബിഢവനത്തിലൂടെ മുന്നോട്ട് നടക്കാം. മഴക്കാലങ്ങളിൽ വെള്ളത്തിൽ ഇറങ്ങി കുളിക്കാൻ അനുവദിക്കില്ല എന്നാൽ വെള്ളം കുറഞ്ഞ സമയങ്ങളിൽ സഞ്ചാരികൾ ഇവിടെ ഇറങ്ങി കുളിക്കാറുണ്ട്. പ്രായപൂർത്തിയായവർക്ക് 45 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് കക്കാടംപൊയിലെ പ്രവേശന നിരക്ക്. അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ഇവിടെ കൈവേലികൾ തീർത്തിട്ടുണ്ട്.

തിരക്കുനിറഞ്ഞ ജീവിതത്തിൽ നിന്നും ഒരൽപ്പം മാറി പ്രകൃതിയിൽ ലയിക്കാൻ കൊതിക്കുന്നവർക്ക് പറ്റിയ ടൂറിസ്റ്റ് സ്പോട്ട് ആണിത്. മാനത്തോളം ഉയർന്ന് നിൽക്കുന്ന മലനിരകൾ മേഘങ്ങളാലും കോടമഞ്ഞിനാലും പൊതിഞ്ഞിരിക്കുകയാണ്. കാപ്പിയും വാഴയും ആണ് ഇവിടുത്തെ പ്രധാന കൃഷിയിനം, മലഞ്ചെരുവിലാണ് ഇവ കൃഷി ചെയ്യുന്നത്. കക്കാടംപൊയിൽ നിന്ന് തിരിച്ച് പോകുമ്പോൾ ഈ കാഴ്ചകളും നിങ്ങളുടെ മനസ്സിനെ കീഴടക്കും.