അധികമാരുടെയും കണ്ണുടക്കാത്ത കാടുകളും പുഴകളും കടൽത്തീരങ്ങളും മലഞ്ചരിവും ഒത്തുച്ചേരുന്ന നാടാണ് കണ്ണൂർ. അത്രയൊന്നും ഫേമസ് അല്ലാത്ത എന്നാൽ പുതുമ ഒട്ടും ചോരാത്ത ഒരു ദിക്കുണ്ട് ഈ നാട്ടിൽ - മലമടക്കുകളുടെ റാണി എന്നറിയപ്പെടുന്ന കാലങ്കി ഹിൽസ്. ഒരിക്കൽ നിങ്ങളിവിടെ പോയാൽ ഇത്രയും ഭംഗിയുള്ള ഈ പ്രദേശം എന്ത് കൊണ്ട് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് സ്പോട്ട് ആയില്ല എന്നോർത്ത് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം, അത്രയും ഉണ്ട് ഈ നാടിന്റെ ദൃശ്യചാരുത. ഏകദേശം മുന്നൂറിൽ താഴെ കുടുംബങ്ങൾ താമസിക്കുന്ന ഒരു കൊച്ചുഗ്രാമമാണ് കാലങ്കി. കണ്ണൂർ ഉള്ളിക്കലിനോടടുത്ത് മാട്ടറ- കാലങ്കിറോഡിലൂടെ സഞ്ചരിച്ചാൽ ഈ മനോഹര ഹിൽസിൽ എത്തിച്ചേരാം.

കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന മലനിരകളാണ് ഇത്, ഭംഗിയുള്ള ഡെസ്റ്റിനേഷൻ എന്നതിനപ്പുറം കോടമഞ്ഞുമൂടിയ പാതകളും ഈ യാത്രയെ നിങ്ങളുടെ പ്രിയപ്പെട്ട അനുഭവമാക്കി തീർക്കും. ഇടത് പാതയോരം കർണാടക ബ്രഹ്മഗിരി വനവും വലതുവശം കേരളത്തിന്റെ കൃഷിതോപ്പുകളും നിങ്ങൾക്ക് സ്വാഗതം നേരും. ടാറിട്ട റോഡുകളും ബാക്കി ഓഫ്‌റോഡും ചേർന്ന ഇവിടം ബൈക്ക് യാത്രികർക്ക് ഏറ്റവും അനുയോജ്യമായ ടൂറിസ്റ്റ് സ്പോട്ട് ആണ്. റബ്ബർ, കശുവണ്ടി, കുരുമുളക്, മാവ്, ചെറുനാരങ്ങ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി ഇനങ്ങൾ. വളരെക്കാലം മുൻപേ കാട് വെട്ടി തെളിച്ച് കൃഷിയിടമാക്കിയ നാട്ടുകാർ അധികം പുറംലോകവുമായി ബന്ധപ്പെടാത്തവരാണ്. പ്രധാനമായും ക്രിസ്ത്യൻ കുടുംബങ്ങളാണ് ഈ നാടിന്റെ ശിൽപികൾ. എപ്പോഴും തണുപ്പുള്ള പ്രദേശമാണ് കാലങ്കി, നിമിഷ നേരം കൊണ്ടാണ് കോടമഞ്ഞും തെളിഞ്ഞ ആകാശവും ഇവിടം മാറിമാറി വരുന്നത്. അതുപോലെതന്നെ ഇടയ്ക്കിടെ പെയ്യുന്ന മഴയും നാടിന്റെ പ്രത്യേകതയാണ്. കുറച്ച് ദൂരം മുന്നോട്ട് പോയാൽ പാതയോരത്ത് ഒരു ദുർഗ്ഗാക്ഷേത്രം കാണാം. ടിപ്പുവിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം യുദ്ധത്തിന്റെയും സംഹാരത്തിന്റെയും പ്രതീകമാണ്. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് ഇത്, പല കെട്ടിടങ്ങളിലായി ഒരുക്കിയ ഈ മനോഹര വാസ്തുനിർമ്മിതി പഴയകാലത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്. മുന്നോട്ടുള്ള പാതയിൽ ഇനി നിങ്ങളെ വരവേൽക്കുന്നത് മനോഹരമായ ഒരു സൺസെറ്റ് പോയിന്റ് ആണ്. മലയിടുക്കിൽ നിന്ന് നോക്കുമ്പോൾ മനോഹരമായ ആകാശവും കർണ്ണാടകയുടേയും കേരളത്തിന്റെയും ദൃശ്യഭംഗിയും നിങ്ങൾക്ക് കാണാം. സൂര്യാസ്തമയത്തിന്റെ സർവ്വ സൗന്ദര്യവും ആവാഹിക്കുന്ന സ്പോട്ട് ആണ് ഇത്. കോടമഞ്ഞിൽ തട്ടി ചിതറി കാലങ്കിയിൽ പതിക്കുന്ന ഓരോ സൂര്യകിരണവും വർണ്ണനാതീതമായ അനുഭവമാണ് സമ്മാനിക്കുന്നത്.

ഇനി അങ്ങോട്ട് നീങ്ങിയാൽ ഇടതുവശം ബ്രഹ്മഗിരി വന്യസങ്കേതം, കർണ്ണാടക എന്ന ബോർഡ് കാണാം. വനയാത്ര നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇടത് ഭാഗത്തെ ബ്രഹ്മഗിരി വന്യസങ്കേതത്തിലൂടെ തുടർന്നും നിങ്ങൾക്ക് യാത്ര ചെയ്യാം. പക്ഷെ കാട്ടാനകളെ കൂടി പ്രതീക്ഷിച്ച് വേണം ഇനി അങ്ങോട്ടുള്ള യാത്ര. കാട്ടുപാതയിൽ കൂടിയുള്ള യാത്രയായത് കൊണ്ട് തന്നെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ടൂറിസ്റ്റ് സ്പോട്ട് കൂടി ആകും ഇത്. എന്നാൽ കാലങ്കി ഹിൽസ് ഇവിടം അവസാനിക്കുകയാണ്. ബ്രഹ്മഗിരി വന്യസങ്കേതത്തിന്റെ എൻട്രൻസിൽ ആണ് കാലങ്കിയുടെ ടോപ് ലെവൽ സീനറി. ഇവിടെ നിന്ന് നോക്കിയാൽ ഇടതുവശം കർണാടക കൂർഗും വലതുവശം കണ്ണൂർ ഇരുട്ടിയും മുന്നോട്ട് വയനാടിന്റെ ചിലഭാഗങ്ങളും കൂടാതെ കണ്ണൂർ എയർപോർട്ടും കാണാം. ഒരു മലമുകളിൽ കൂടി നോക്കുമ്പോൾ രണ്ട് സംസ്ഥാനങ്ങളും മൂന്ന് ജില്ലകളും കാണുക എന്നത് എത്ര മികച്ച അനുഭവമാണല്ലേ?? കോടമഞ്ഞും മഴചാറ്റലും ഉള്ള പാതയോരങ്ങൾ കൂടി ഉൾപ്പെടുമ്പോൾ ഇതൊരു അസാധാരണ യാത്രയായി പരിണമിക്കുന്നു. ഇതൊക്കെ കൊണ്ട് തന്നെയാകാം ഇതിനെ മലമടക്കുകളുടെ റാണി എന്ന് വിളിക്കുന്നത്. ഒന്നുറപ്പാണ് ഒരിക്കൽ പോയാൽ നിങ്ങളുടെ കൂടെ പോരുന്ന യാത്രാനുഭാവം തന്നെയാണ് കാലങ്കി ഹിൽസ്.

കാലങ്കിയിലേക്കുള്ള റൂട്ട്: കണ്ണൂർ-ഇരിട്ടിയിൽ നിന്ന് 17.3 K.M മാറിയാണ് കാലങ്കി സ്ഥിതി ചെയ്യുന്നത്. ഉള്ളിക്കലിൽ നിന്നും മാട്ടറ- കാലങ്കിറോഡിലൂടെ 11.3 K.M സഞ്ചരിച്ചാൽ ഈ സുന്ദര ഹിൽസിൽ എത്തിച്ചേരാം.