മലപ്പുറം- നിലമ്പൂരിൽ നിന്നും 15 K.M അകലെ കരുളായി എന്ന പ്രദേശത്താണ് നെടുങ്കയം വനമേഖല സ്ഥിതി ചെയ്യുന്നത്. നീലഗിരി ബയോസ്ഫിയർ റിസേർവിന്റെ കീഴിലാണ് നിലവിൽ ഇവിടം ഉള്ളത്. കേരളത്തിലെ രണ്ടാമത്തെ ഇക്കോ-ടൂറിസം സെന്റർ ആയ നെടുങ്കയത്ത് ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും ഔഷധസസ്യങ്ങളുടെയും ഒരു വലിയ കലവറ തന്നെയാണുള്ളത്. മുതിർന്നവർക്ക് 35 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. 9 മണിമുതൽ 4 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം.

വനത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ ചീവീടുകളുടെ ശബ്ദം നിങ്ങളുടെ ചെവികളിൽ എത്തി തുടങ്ങും. ഇടതൂർന്നു നിൽക്കുന്ന തേക്ക്, ഇരൂൾ, പൂവത്തി തുടങ്ങിയ മരങ്ങളാണ് ഇവിടെ കാണാൻ സാധിക്കുക. നെടുങ്കയത്തിന് ഈ പേര് വരാൻ ഒരു കാരണമുണ്ട്, ഇവിടെയുള്ള കരിമ്പുഴയിൽ ഒരുപാട് അപകട മരണങ്ങൾ നടന്നിട്ടുണ്ട്, കയത്തിനുള്ളിൽ അകപ്പെട്ടാണ് ഇവയെല്ലാം നടന്നിരിക്കുന്നത്. അതിനാലാണ് ഇതിനെ 'വലിയ കയം' എന്നർത്ഥത്തിൽ നെടുങ്കയം എന്ന് വിളിക്കുന്നത്. ഇവിടുത്തെ പ്രധാന ആകർഷണം ബ്രിട്ടീഷുകാർ നിർമ്മിച്ച ഇരുമ്പ് പാലമാണ്. വർഷങ്ങളുടെ പഴക്കമുണ്ടായിട്ടും ഈ കഴിഞ്ഞ മഹാപ്രളയത്തിൽ പോലും തകരാത്ത ഒരു മാസ്റ്റർപീസ് തന്നെയാണ് നെടുങ്കയം പാലം. ഏകദേശം 1930 കാലഘട്ടത്തിൽ പണിതീർത്ത ഈ പാലത്തിന്റെ ശില്പി ഇ.എസ് ഡോസൺ എന്ന ബ്രിട്ടീഷ് എഞ്ചിനീയർ ആണ്. ദൗർഭാഗ്യവശാൽ തന്റെ നാല്പത്തിയൊന്നാം വയസ്സിൽ കരിമ്പുഴയിലെ കയത്തിൽപ്പെട്ട് അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്റെ സ്മാരകം ഇന്നും നെടുങ്കയത്ത് നിലകൊള്ളുന്നു.

നെടുങ്കയത്തിന്റെ ആനപ്പന്തിയും വളരെ പ്രസിദ്ധമാണ്. 1935 കാലഘട്ടം മുതൽ ഇവിടെ ആനകളെ മെരുക്കാനായി കൊണ്ട് വന്നിരുന്നു. മുൻപ് 5 ആനപ്പന്തികൾ വരെ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഒരേ ഒരു ആനപ്പന്തി മാത്രമേ കാണാനുള്ളൂ. ഇതിൽ തന്നെ 3 ആനകളെ വരെ ഒരുമിച്ച് മെരുക്കാൻ സാധിക്കും. എന്നാൽ ഇന്ന് ഇത് പ്രവർത്തന സജ്ജമല്ല. ഇവിടുത്തെ മറ്റൊരാകർഷണം ഇ.എസ് ഡോസൺ താമസിച്ചിരുന്ന ബംഗ്ലാവ് ആണ്. പഴയ കാലത്തിന്റെ ചാരുത അടുത്തിടെ നടത്തിയ ചില മിനുക്കുപ്പണികളോട് കൂടി നമുക്ക് ഇവിടം ദർശിക്കാവുന്നതാണ്. പച്ചനിറത്തിലുള്ള ഈ ബിൽഡിങ്ങിൽ വലിയ ഒരു ബാൽക്കണി ഉണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കരിമ്പുഴയുടെ ദൃശ്യഭംഗി ആവോളം ആസ്വദിക്കാൻ കഴിയും. പൂർണ്ണമായും തെളിഞ്ഞ ജലമാണ് കരിമ്പുഴയിലേത്. എത്ര ഉയരത്തിൽ നിന്ന് നോക്കിയാലും പുഴയുടെ അടിത്തട്ട് വരെ കാണാൻ സാധിക്കും.അതുകൊണ്ട് തന്നെ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് പുഴ വളരെ ആഴം കുറഞ്ഞു കിടക്കുന്നതായേ അനുഭവപ്പെടുകയുള്ളൂ. എന്നാൽ നല്ല ആഴവും കയങ്ങളും ഒപ്പം ഒഴുക്കുമുള്ള ഒരു സംഹാരിണി തന്നെയാണ് ഈ പുഴ. ഈ കാരണത്താൽ തന്നെ എത്ര ആഗ്രഹമുണ്ടായാലും പുഴയിൽ ഇറങ്ങാൻ ശ്രമിക്കരുത്.

കാട് മുന്നോട്ട് പോകുംതോറും അതിന്റെ രൂപവും മാറി വരുന്നു, തുടക്കത്തിൽ തേക്ക്, ഇരൂൾ പോലുള്ള മരങ്ങൾ കണ്ടെങ്കിൽ പിന്നീടത് വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളുമായി ആയി പരിണമിക്കുന്നു. മരങ്ങളുടെ സാന്ദ്രത കൂടുതലായതുകൊണ്ട് തന്നെ ഇനി അങ്ങോട്ട് സൂര്യപ്രകാശത്തിന്റെ ലഭ്യതയും കുറവാണ്. ഇവിടം മുതലാണ് കാടിന്റെ തണുപ്പും കുളിരും ആരംഭിക്കുന്നത്. കാടിന്റെ കരവലയത്തിനുള്ളിൽ കുതിച്ചൊഴുകുന്ന കരിമ്പുഴയുടെ സൗന്ദര്യം നമ്മളെ ശരിക്കും ആവേശം കൊള്ളിക്കുന്നു. ചുറ്റും പ്രകമ്പനം സൃഷ്ടിക്കുന്ന നദിയുടെ ശബ്ദവും ആരെയും ത്രസിപ്പിക്കാൻ കെൽപ്പുള്ളതാണ്. ചരിത്രം ഉറങ്ങുന്ന മണ്ണാണ് നെടുങ്കയത്തിന്റേത് അവ പറയുന്ന കഥയും കാടിന്റെ കുളിരും നിങ്ങളെ വീണ്ടും ഇവിടെ വരാൻ ഉത്തേജിപ്പിക്കും.